'പ്രതിജനഭിന്നവിചിത്രമായ' ഈ ലോകത്ത് മനുഷ്യരെല്ലാം കഥാപാത്രങ്ങളാണ്. തനിക്കു ചുറ്റുമുള്ള മനുഷ്യർക്കിടയിലെ അനുഭവലോകത്തുനിന്ന് കഥക്കൂട്ടുകൾ കണ്ടെടുക്കുന്നതിലെ രസകൗതുകമാണ് കോറോത്ത് കഥകളെ വേറിട്ടതാക്കുന്നത്. 'മഴയെ പ്രണയിച്ചവൻ' എന്ന ആദ്യകഥയിൽ തുടങ്ങി 'നൂൺഷോ' എന്ന അവസാനകഥയിൽ വരെ കഥാപാത്രങ്ങളെല്ലാം നമുക്ക് പരിചിതരാണ്. ഫാത്തിമയും റഹീമും, രമ്യയും അജയനും, ധന്യയും അർജുനും, ഗിരീഷും ഹരീഷും, ബിജിലും ഷിജോയും, പേരുള്ളവരും പേരില്ലാത്തവരുമായ മറ്റനേകരും നമുക്കിടയിലുള്ളവരാണ്. ആരും അന്യരല്ല; അപരിചിതരുമല്ല. ഈ അടുപ്പമാണ് കഥകളിൽ വായനാസുഖം നിറയ്ക്കുന്നത്. പ്രശസ്ത കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനമാണ് പൊളി-ടെക്നിക് കഥകൾ അവതരിപ്പിക്കുന്നത്. ജീവിതത്തിനകത്തെ നിശ്ശബ്ദതയിൽ കൂടുവെച്ചിരിക്കുന്ന അതിസൂക്ഷ്മമായ മർമ്മരങ്ങളെ വാക്കുകളിലേക്ക് ആവാഹിക്കുന്ന എഴുത്തുകാരനാണ് സുമേഷ് കോറോത്തെന്നും, തേച്ചുമിനുക്കാത്ത യഥാതഥമായ കഥപറച്ചിലായതിനാൽ പറയുന്ന കാര്യങ്ങൾ ഒരു തുള്ളിപോലും ചോർന്നുപോകാത്തവണ്ണം ആസ്വാദനത്തിൻ്റെ സ്പർശിനികളിലേക്കെത്തിക്കാൻ അദ്ദേഹത്തിനുള്ള വൈഭവം ചെറുതല്ലെന്നും ഏച്ചിക്കാനം നിരീക്ഷിക്കുന്നു