ചലച്ചിത്ര നിരൂപണത്തിലെ നടപ്പുരീതിമാതൃകകളെ പിൻപറ്റാതെ, കാണി എന്ന നിലയിലുള്ള സ്വതന്ത്ര വീക്ഷണങ്ങൾ സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിക്കുകയാണ് എഴുത്തുകാരനായ കെ. എം. ഷെറീഫ്. സിനിമാപ്രേമിയായൊരു കാണിയുടെ ചൂടോടെയുള്ള അനുഭവ പ്രതികരണങ്ങളാണ് ഈ കുറിപ്പുകളെന്ന് അവതാരികയിൽ ഡോ. അനു പാപ്പച്ചൻ പറയുന്നു. പലകാലങ്ങളിലെ പലതരം സിനിമകളുണ്ടിതിൽ. ക്ലാസിക്കുകളുണ്ട്, ജനപ്രിയ സിനിമകളുണ്ട്, സമാന്തരസിനിമകളുണ്ട്, പെൺസിനിമകളുണ്ട്, ഹോളിവുഡും ബോളിവുഡും കോളിവുഡുമുണ്ട്. അനുവർത്തനങ്ങളുണ്ട്, ആദ്യം കണ്ടതും വർഷങ്ങൾക്കുശേഷം വീണ്ടും കണ്ടതുമുണ്ട്. പലവിധം കാഴ്ചകളുമാണ്.