അമ്പത്തിരണ്ട് കവിതകളാണ് ഉള്ളടക്കം. അതിൽത്തന്നെ വീടകക്കവിതകൾ, പ്രണയകവിതകൾ, തീവണ്ടിക്കവിതകൾ, കടൽക്കവിതകൾ, മഴക്കവിതകൾ, മരക്കവിതകൾ, ആകാശക്കവിതകൾ എന്നീ വിഭാഗങ്ങളുമുണ്ട്.
സമാഹാരത്തിലെ പാതിയിലേറെ കവിതകളും സ്ത്രീയ്ക്കു മാത്രം സാധ്യമാവുന്ന മൂന്നാംകണ്കാഴ്ചകളാണെന്ന് അവതാരികയിൽ പ്രൊഫസർ എം. കെ. സാനു എഴുതുന്നു. സചേതനങ്ങളായ പറവയിലും ഒച്ചിലും പൂവിലും എന്നല്ല, അചേതനങ്ങളായ തീവണ്ടിപ്പാതയിലേക്കും ചൂണ്ടയിലേക്കും വീടെന്ന സങ്കല്പത്തിലേക്കു തന്നെയും ഉടല്മാറാട്ടം നടത്തുന്ന സ്ത്രൈണത വായനക്കാരനില്‍ കൗതുകവും കാമനയും കരുണയും ഉണര്‍ത്തുമെന്നും അദ്ദേഹം പറയുന്നു. താളം മുറിഞ്ഞ ജീവിതങ്ങളെ കവിതയില്‍ എഴുതുമ്പോഴും പുതുകവിതയ്ക്ക് അത്ര പരിചിതമല്ലാത്ത കാല്പനിക ഭംഗിയും ഒതുക്കവും ഒപ്പം മുറുക്കവും ഉള്ള വരികളാണ്. കവിത്വത്തിൻ്റെ ഹൃദയത്തുടിപ്പ് ഓരോ വരികളിലുമുണ്ട്. വിനീതയുടെ കവിതയിലെ കലഹങ്ങള്‍ സ്വാന്തന്ത്ര്യപ്രഖ്യാപനങ്ങള് കൂടിയാണെന്നും വ്യവസ്ഥിതിയോടും അതിൻ്റെ നിര്‍മ്മിതികളായ അസ്വാതന്ത്ര്യങ്ങളോടുമുള്ള വിയോജനക്കുറിപ്പുകള്‍ കൂടിയാണ് അവയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.