എഴുത്തുകാരനും ഡിസെബിലിറ്റി അവകാശപ്രവർത്തകനുമായ ന്യൂഡൽഹി സ്വദേശി ലളിത് കുമാറിൻ്റെ ഏറെ ചർച്ചചെയ്യപ്പെട്ട ആത്മകഥ ‘വിറ്റമിൻ സിന്ദഗി’യുടെ മലയാള പരിഭാഷയാണ് ‘ക്രച്ചസ്’. ഗവേഷകയും അധ്യാപികയുമായ ടിനു ആനി അലക്‌സാണ്ടറാണ് പരിഭാഷക.
നാലാം വയസ്സിൽ പോളിയോ ബാധിച്ച ലളിത് കുമാർ ഡൽഹിയിലെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ മറ്റുള്ളവരാൽ അവഗണിക്കപ്പെട്ട വ്യക്തിയാണെന്ന് അവതാരികയിൽ ഡോ. ശാരദാദേവി വി. പറയുന്നു. അവഗണനകൾക്കിടയിലും അദ്ദേഹം പൊരുതി, ഒറ്റയ്ക്ക് വിദേശത്തുപോയി പഠിച്ചു. ഇൻ്റർനെറ്റിലെ ഇന്ത്യൻ സാഹിത്യത്തിന്റെ ഏറ്റവും വലിയ ശേഖരങ്ങളായ ‘കവിതാകോഷ്’, ‘ഗദ്യകോഷ്’ പ്രോജക്ടുകളുടെ സ്ഥാപകൻ കൂടിയാണ് ലളിത്. ഇൻ്റർനെറ്റിൽ ഇന്ത്യൻ ഭാഷകളുടെ ഉപയോഗം വർധിപ്പിക്കാൻ സഹായിക്കുന്ന നിരവധി ടെക്‌സ്‌റ്റ് പ്രോസസിങ്ങ് ടൂളുകളും അദ്ദേഹം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഡിസേബിൾഡ് മനുഷ്യരോടുള്ള ഇന്ത്യയിലെയും വിദേശത്തെയും സാമൂഹ്യസമീപനങ്ങളിലെ വ്യത്യാസങ്ങളടക്കം, ഡിസേബിൾഡ് വ്യക്തികൾ കടന്നുപോകുന്ന അനേകം പ്രതിസന്ധികളെ പുസ്‌തകം അനാവരണം ചെയ്യുന്നു.